
തിരുവനന്തപുരം:സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്ന ജനസൗഹൃദ ബാങ്കായും ഒരു മാതൃകാ തൊഴിൽ ദാതാവായും പ്രവർത്തിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആഹ്വാനം ചെയ്തു. കേരളം വലിയ വികസന പരിപാടികൾക്ക് രൂപം കൊടുത്ത് മുന്നോട്ട് പോകുമ്പോൾ സ്റ്റേറ്റ് ബാങ്കിന്റെ വലിയ പിന്തുണ ആ ഉദ്യമത്തിന് ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിലേക്ക് നടന്ന സംസ്ഥാനതല ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കൽ ഹെഡ് ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ എസ്.ബി.ഐ.ഇ.എഫ് പ്രസിഡന്റ് സജി ഒ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആർ.പി.ശിവജി(തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ), ജി.ശ്രീകുമാർ(സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ), ജേക്കബ്ബ് തോമസ്( ഓർഗനൈസിങ്ങ് സെക്രട്ടറി, കോൺഫെഡറേഷൻ), എസ്.എസ്. അനിൽ(സംസ്ഥാന ജനറൽ സെക്രട്ടറി, ബെഫി) എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എസ്.ബി.ഐ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ജയരാജ് സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി എസ്.എൽ.ദിലീപ് നന്ദിയും പറഞ്ഞു.