
വയനാട്: കോറോണ വൈറസ് രോഗബാധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ രണ്ടുപേർ കൂടി അറസ്റ്റിൽ. വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻമാരായ പൊഴുതന മൈലുംപാത്തി സ്വദേശികളായ കൂട്ടുപുലയിക്കൽ വീട്ടിൽ ഷിബിൻ (24), വറങ്കോടൻ വീട്ടിൽ ആഷിദ് (24) എന്നിവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ദിവസം പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കൽ വീട്ടിൽ ഫഹദിനെ (25) കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നാലാം മൈൽ സ്വദേശിക്ക് കോവിഡ്19 സ്ഥിരീകരിച്ചുവെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഇനിയും അറസ്റ്റുണ്ടാകും.