
കോഴിക്കോട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഗീത കല്ലായി തന്റെ ഈ മാസത്തെ ഓണറേറിയം വിനിയോഗിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്. നൊച്ചാട് പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലും, കൽപ്പത്തൂരിലെ ഗവൺമെന്റ് മൃഗാശുപത്രിയിലും ആവശ്യമായ സാനിറ്റയിസർ, ത്രീലയർ മാസ്കുകൾ, സർജിക്കൽ ഗ്ലൗസ് എന്നിവ ലഭ്യമാക്കി. പ്രൈമറി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൾ റാസിഖും കല്പ്പത്തൂർ മൃഗാശുപത്രിയിലെ ഡോ. സി.വിജിതയും ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രതീഷ് കെ.പി, എം.കെ അമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. ഷിജു കെ ദാസ്, രബിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസത്തെ ഓണറേറിയം മെമ്പർ വാർഡിലെ കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് ആവശ്യമായ വെള്ളം എത്തിക്കാനായിരുന്നു ചിലവഴിച്ചത്.ഗീതയുടെ ഭർത്താവ് രാജീവൻ കല്ലായി, രണ്ടു മക്കളുണ്ട്. എരവട്ടൂരിലെ പെരണ്ടശ്ശേരി മീത്തൽ നാരായണൻ കല്യാണി എന്നവരുടെ മകളാണ് ഗീത.
