
പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ കൂത്താളി ജില്ലാ കൃഷിഫാമിൽ പത്തു വർഷത്തോളം ജോലി ചെയ്തുവന്ന 68 കാഷ്വൽ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് കുത്താളി ജില്ലാ കൃഷി ഫാമിന് മുന്നിൽ കേരള സ്റ്റേറ്റ് ഗവ:ഫാം വർകേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തി. സർക്കാർ പദ്ധതികൾ നടപ്പാക്കാതെ തൊഴിൽ വെട്ടിക്കുറയ്ക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ നിരവധി തവണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. സർക്കാർ ഉത്തരവുണ്ടായിട്ടും കോവിഡ് കാലത്ത് കാഷ്വൽ തൊഴിലാളികൾക്ക് ജോലി നിഷേധിച്ച ജില്ലാ ഫാം അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂണിയൻ ജില്ലാ നേതാവ് പള്ളുരുത്തി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു. കോവിഡാനന്തര കാലത്തെ അതിജീവന മാർഗമായ കൃഷിക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും ഫലവൃക്ഷ തൈകളും ഉൽപാദിപ്പിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നൽകാനുള്ള സർക്കാർ ഉത്തരവ് അധികാരികൾ പാലിക്കാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തെ സമരം തുടങ്ങിയതെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി പി.നാരായണൻ പറഞ്ഞു. തൊഴിലുണ്ടായിട്ടും തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാതിരിക്കുക,സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന തൊഴിലും തൊഴിൽദിനങ്ങളും കാഷ്വൽ തൊഴിലാളികൾക്കും നൽകുക,ഫാമിന്റെ ഉയർച്ചക്കാവശ്യമായ ഉൽപ്പാദനം വർധിപ്പിക്കുക, ഉൽപ്പാദന മേഖലയിൽ സ്വയംസഹായ സംഘങ്ങൾക്കൊപ്പം ഫാമിലെ തൊഴിലാളികളെയും ഉൾപ്പെടുത്തുക, കാർഷിക ഗവേഷണവും പഠനങ്ങളും ശക്തിപ്പെടുത്തുക, തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകുക, ഫാമിന്റെ കൈവശമുള്ള 100 ഏക്കർ ഭൂമിയിലും കൃഷി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ തൊഴിലാളികൾ ഉന്നയിച്ചു. ജില്ലാ സെക്രട്ടറി പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്പള്ളുരുത്തി ജോസഫ് ഉദ്ഘാടനം ചെയ്തു.ടി.കെ.ജോഷിബ, ഷാജി കെ.എം, സന്തോഷ്, വിജി, ഷാജു എന്നിവർ പ്രസംഗിച്ചു.
