
പേരാമ്പ്ര: കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യ കച്ചവടക്കാരൻ ഇടപഴകിയതിനെ തുടർന്ന് പേരാമ്പ്ര മത്സ്യ മാർക്കറ്റ് ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് അടപ്പിക്കുകയുണ്ടായി. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നുപറഞ്ഞു ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥന്റെ പേരിൽ വാട്സ്ആപ്പ് വോയ്സ് ക്ലിപ്പ് പ്രചരിക്കുകയുണ്ടായി. പോലീസ് സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നടപടിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ പേരാമ്പ്ര പട്ടണത്തിലേക്ക് വരരുതെന്ന് നിര്‍ദേശവും ഈ ഹോം ഗാർഡ് നടത്തിയിട്ടുണ്ട്. ഇതുമൂലം പേരാമ്പ്രയിലെ ജനങ്ങള്‍ ഭയവിഹ്വലരായിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയകളിലൂടെ മാർക്കറ്റിൽ ജോലി ചെയ്യുന്ന 42 തൊഴിലാളികൾ ക്വറന്റൈനിലാണെന്ന അവരുടെ പേരുവിവരങ്ങൾ സഹിതം വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.