
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ മണികണ്ഠൻ (72) കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനാണ്. ഇദ്ദേഹത്തെ നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയിൽ ജീവനക്കാരിലും നടത്തിയ പരിശോധനയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലിൽ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മണികണ്ഠന്റെ മരണത്തോടെ സംസ്ഥാനത്ത് ഇന്ന് ആകെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ (63), കോന്നി സ്വദേശി ഷഹറുബാൻ (54), ചിറയിൻകീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.